പേരാവൂർ : പദ്ധതിയുടെ വിശദവിവരങ്ങൾ ഇന്നും അജ്ഞാതമെങ്കിലും വിമാനത്താവള റോഡെന്ന നിലയിൽ കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ നിർമിക്കുന്ന നാല് വരി പാതയുടെ 11 (1) നോട്ടിഫിക്കേഷൻ്റെ ഭാഗമായുള്ള അറിയിപ്പ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇറക്കിയിട്ടുള്ളത് പ്രാഥമിക നോട്ടിഫിക്കേഷൻ ആണെങ്കിലും അന്തിമ വിജ്ഞാപനമെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. സർവ്വേ രേഖാ പരിശോധനയും കണക്കെടുപ്പ് അടക്കമുള്ള വിഷയങ്ങളിൽ ഉള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിന് തുടക്കം കുറിക്കുന്നതാണ് 11 (1) നോട്ടിഫിക്കേഷൻ. പരാതികൾ ഉണ്ടെങ്കിൽ ഇനി 15 ദിവസത്തിനകം ലാൻ്റ് അക്വിസിഷൻ തഹസിൽദാർക്ക് രേഖാമൂലം നൽകാവുന്നതാണ്. നവംബറിൽ പ്രാഥമിക നോട്ടിഫിക്കേഷൻ ഗസറ്റിൽ ഇറങ്ങിയപ്പോൾ തന്നെ പലരുടേയും പേരുകൾ ലിസ്‌റ്റിൽ ഇല്ലെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ അവ ചേർക്കാതെയാണ് പത്രപ്പരസ്യം നൽകിയതെന്നും ആരോപണമുണ്ട്. ഇവർക്ക് 15 ദിവസത്തിനുള്ളിൽ പരാതി നൽകി ലിസ്‌റ്റിൽ ഇടം നേടാൻ അവസരം ഉണ്ടായിരിക്കുമെന്നാണ് എൽഎ തഹസിൽദാരുടെ ഓഫീസ് പറയുന്നത്. അതിനു ശേഷം റവന്യൂ വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ് എന്നിവയുടെ പരിശോധനയും അളവുകളും കണക്കെടുപ്പും നടത്തി റിപ്പോർട്ട് നൽകണം. പിന്നീട് മാത്രമായിരിക്കും അന്തിമ വിജ്‌ഞാപനം ഇറങ്ങുക. പരാതി നൽകാനുള്ള കാലാവധി 15 ദിവസം മാത്രമായി കുറച്ചാണ് നവംബറിൽ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. പത്രപരസ്യം ഇറങ്ങിയപ്പോഴും പരാതി സമർപ്പിക്കാനുള്ള കാലാവധിയിൽ മാറ്റം വരുത്തിയിട്ടില്ല. അത് സംബന്ധിച്ച് നവംബറിൽ നോട്ടിഫിക്കേഷൻ ഇറങ്ങിയ സമയത്ത് തന്നെ ആക്ഷേപം ഉയർന്നിട്ടും നിലപാടിൽ മാറ്റം ഉണ്ടായിട്ടില്ല. സാധാരണ 60 ദിവസമാണ് ഇത്തരം പദ്ധതികളിൽ പരാതികൾ നൽകാനുള്ള സമയം അനുവദിക്കുക പതിവുള്ളത്. എന്നാൽ ഇക്കാര്യത്തിൽ 15 ദിവസം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത് ക്ലറിക്കൽ മിസ്റ്റേക്കാണോ അതോ ബോധപൂർവ്വം കാലാവധി വെട്ടിക്കുറച്ചതാണോ എന്ന് വ്യക്തമല്ല. നിയമപ്രകാരം 60 ദിവസമായിരിക്കേ എങ്ങനെയത് 15 ദിവസമായി കുറഞ്ഞു എന്ന് റവന്യു വകുപ്പും റോഡ് ഫണ്ട് ബോർഡും മിണ്ടുന്നില്ല. അതിനാൽ തന്നെ, പുറത്തിറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം ലിസ്‌റ്റിൽ പേരില്ലാത്തവർക്ക് മാത്രമാണ് പരാതി നൽകാൻ സാധിക്കുക. ഭൂമി, കെട്ടിടം, വീടുകൾ, സ്‌ഥാപനങ്ങൾ, കൃഷി എന്നിവ വിട്ടു കൊടുക്കുന്നവർക്ക് വിലയും നഷ്ടപരിഹാരവും നൽകുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഇപ്പോൾ പോലും വ്യക്തമാായിട്ടില്ല. ഭൂമിയും വീടും കെട്ടിടങ്ങളും സ്‌ഥാപനങ്ങളും വിട്ടു നൽകുന്നവരിൽ ബഹു ഭൂരിപക്ഷം പേർക്കും റോഡ് പദ്ധതിയുടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള യാതൊരു വിധ വ്യവസ്‌ഥകളും വ്യക്‌തമായി അറിയില്ല. വിട്ടു നൽകുന്ന ഭൂമിയ്ക്ക് എത്ര വില കിട്ടും, വീടുകൾക്കും കെട്ടിടങ്ങൾക്കും എന്ത് നഷ്ടപരിഹാരം ലഭിക്കും, സ്‌ഥാപനങ്ങൾ ഇല്ലാതാകുന്നവർക്കുള്ള പുനരധിവാസ പദ്ധതി എന്താണ് എന്നിവ സംബന്ധിച്ച് ഇതുവരെ വ്യക്തമായ ധാരണ ആർക്കുമില്ല. റോഡ് ഫണ്ട് ബോർഡോ, റവന്യു വകുപ്പോ ഇത് സംബന്ധിച്ച വിശദീകരണങ്ങൾ നൽകിയിട്ടുമില്ല. കെട്ടിടങ്ങളും വീടുകളും വിട്ടു കൊടുക്കുമ്പോൾ കാലപ്പഴക്കത്തിന് അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന തുകയാകും നൽകുക എന്ന വ്യവസ്‌ഥ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇതിനെതിരെ പരാതികളും നിലവിലുണ്ട്. ഫലത്തിൽ ലിസ്റ്റിൽ പേരില്ല എന്ന പരാതി മാത്രമാണ് ഈ നോട്ടിഫിക്കേഷന് ഉണ്ടാകാനിടയുള്ള ഏക പരാതി. കാര്യങ്ങൾ ഇങ്ങനെ നീങ്ങുന്നതിനിടയിൽ പഠനത്തിനെത്തിയ കൺസൾട്ടൻസിക്ക് നൽകേണ്ട തുക പൂർണ്ണമായി നൽകിയില്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലുള്ള ഒരു കൺസൾട്ടൻസി ക്കാണ് സാമൂഹികാഘാത പഠനം നടത്താൻ അനുമതി നൽകിയിരുന്നത്. 5 മാസങ്ങൾക്ക് മുൻപ് ഇവർ പഠനം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടും തുക മാത്രം പൂർണമായി നൽകിയില്ലെന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്. കാര്യമെന്തായാലും അതിനൊക്കെ കണക്കുള്ള സർക്കാരിന് പക്ഷെ ഭൂമിയും വീടും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും വിട്ടുകൊടുക്കുന്നവർക്ക് എന്ത് നൽകുമെന്ന് മാത്രം പറയാൻ തയാറല്ല.
Article by shijina
editor
What will you get? It won't say. However, the 11 (1) notification advertisement was also published. The consultancy that conducted the social impact study has not been paid in full.




















